ചിറ്റൂർ: കമ്പാലത്തറ ഏരിയിലെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി അന്തിമഘട്ടത്തിലെത്തിയതായി സുമേഷ് അച്യുതൻ എംഎൽഎ അറിയിച്ചു.
അറ്റകുറ്റപ്പണി പുരോഗമിക്കുന്ന സ്ഥലം സന്ദർശിച്ച എംഎൽഎ പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. ഷട്ടറുകളുടെ തകരാർ പരിഹരിക്കുന്നതിനുള്ള ജോലികൾ രാപകലില്ലാതെ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അറ്റകുറ്റപ്പണികൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും അവർ വ്യക്തമാക്കി. നിലവിലെ പ്രവൃത്തി പുരോഗതി കണക്കിലെടുത്താൽ ശനിയാഴ്ചയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഏരിയയിൽനിന്നു ജലസേചനം പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
കർഷകർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.